നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ അമൃതശ്രീ ചിട്ടിയുടമ പിടിയില്‍

 

തൊടുപുഴ: നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ ചിട്ടിയുടമ പിടിയില്‍. മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിച്ചിരുന്ന ‘അമൃതശ്രീ ചിറ്റ്‌സ്’ ഉടമ ചെറായി സ്വദേശി ശിവദാസന്‍ നായരാണ് അറസ്റ്റിലായത്.

അടച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ചിട്ടിക്കമ്പനി ഉടമയ്ക്കും മാനേജര്‍ ലൂസിയാമ്മ മൈക്കിളിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഉണ്ടപ്ലാവ് സ്വദേശിനിയായ റസീന അഷ്‌റഫിന്റെ പരാതിയിന്മേലാണ് നടപടി. ‘അമൃതശ്രീ’യില്‍ 12,000ത്തിന്റെയും ഒരു ലക്ഷത്തിന്റെയും ചിട്ടിയില്‍ റസീന ചേര്‍ന്നിരുന്നു. 70,500 രൂപയോളം ഇവര്‍ കമ്പനിയില്‍ നല്‍കി. തുടര്‍ന്ന് തുക ലഭിക്കാതായതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

നിലവില്‍ ഈ ശാഖ പൂട്ടിയിരിക്കുകയാണ്. ‘അമൃതശ്രീ’യുടെ കൊച്ചിയിലെ സ്ഥാപനവും സമാനമായ രീതിയില്‍ പൂട്ടിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടാകാന്‍ സാധ്യതയുള്ളതായി പോലീസ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.