യുകെയിലെ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് സിറ്റിക്ക് ആദ്യ മുസ്‌ലിം മേയര്‍; മുഹമ്മദ് അസദുസ്സമാനാണ് പുതിയ മേയര്‍

ലണ്ടന്‍: യുകെയിലെ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് സിറ്റിക്ക് ആദ്യ മുസ്‌ലിം മേയര്‍. ലേബര്‍ പാര്‍ട്ടിയുടെ നേതാവും ബംഗ്ലാദേശ് വംശജനുമായ മുഹമ്മദ് അസദുസ്സമാനാണ് പുതിയ മേയര്‍. ബ്രൈറ്റണ്‍ സിറ്റിയില്‍ മേയറാവുന്ന ആദ്യ ദക്ഷിണേഷ്യന്‍ മുസ്ലിമാണ് അസദുസ്സമാന്‍. ബ്രൈറ്റണ്‍ സിറ്റിയിലെ എല്ലാ കൗണ്‍സിലര്‍മാരും ഏകകണ്ഠമായാണ് അസദുസ്സമാന് വോട്ട് ചെയ്തത്. ഹോളിംഗ്ഡീന്‍ ആന്‍ഡ് ഫൈവ്വേയ്സ് വാര്‍ഡില്‍ നിന്നാണ് അസദുസ്സമാന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

‘നമ്മുടെ നഗരത്തിന്റെ അഭിവൃദ്ധിക്കായി ആഗ്രഹമുള്ള, ദയാലുവും സരസനും ഊഷ്മള ഹൃദയമുള്ള വ്യക്തിയുമാണ് മുഹമ്മദ് അസദുസ്സമാന്‍’- കൗണ്‍സില്‍ നേതാവ് ബെല്ല സംഗി വിശേഷിപ്പിച്ചു. നഗരത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ ഭൂമികയില്‍ തന്റെ അനുകമ്പയാര്‍ന്ന സ്വഭാവത്താല്‍ സ്വയം അടയാളപ്പെടുത്തിയ അസദുസ്സമാനെ മേയര്‍ എന്ന നിലക്ക് വളരെ പ്രതീക്ഷയോടെയാണ് ബ്രൈറ്റണ്‍ സിറ്റി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി ബ്രൈറ്റണില്‍ താമസിക്കുന്ന വ്യക്തിയാണ് അസദുസ്സമാന്‍. നേരത്തെ ബംഗ്ലാദേശില്‍ ജലസേചന മന്ത്രിയോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരി സമയത്ത് അസദുസ്സമാന്‍ സൗജന്യ ഭക്ഷണ വിതരണം നടത്തിയിരുന്നു. സൗജന്യ നിയമസഹായവും നല്‍കിയിരുന്നു. സിറ്റിയില്‍ കുടിയേറ്റക്കാര്‍ക്കടക്കം എല്ലാവര്‍ക്കും വാക്സിന്‍ സൗകര്യം നല്‍കണമെന്നും അസദുസ്സമാന്‍ ആവശ്യപ്പെട്ടിരുന്നു. ‘കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ബ്രൈറ്റണ്‍ താമസം കൊണ്ട് അസദുസ്സമാന്‍ സമൂഹത്തില്‍ ഇഴചേര്‍ന്നു കഴിഞ്ഞു. ബംഗ്ലാദേശില്‍ നിന്ന് ബ്രൈറ്റണിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര പൊതുസേവനത്തിനും സാമൂഹ്യ വികാസത്തിനും വേണ്ടി സമര്‍പ്പിച്ച ഒരു ജീവിതത്തിന്റെ ഉദാഹരണമാണ്.’ ബെല്ല സംഗി പറഞ്ഞു. ബ്രൈറ്റണ്‍ സിറ്റിയുടെ പ്രഥമ പൗരനെന്ന നിലക്ക് മേയര്‍ എല്ലാ പരിപാടികളിലും ഒഴിവാക്കാന്‍ കഴിയാത്ത സാന്നിദ്ധ്യമാണ്. കൗണ്‍സിലിന്റെ എല്ലാ യോഗത്തിലും മേയറാണ് അദ്ധ്യക്ഷന്‍. ലേബര്‍ കൗണ്‍സിലര്‍ അമന്‍ഡ ഗ്രിഷോം ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.