5 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍; നാഗ്പൂരിന് വേണ്ടി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കി നിതിന്‍ ഗഡ്കരി

മുംബൈ: നാഗ്പൂരിന് വേണ്ടി മാത്രമായി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കി നിതിന്‍ ഗഡ്കരി. 5 വര്‍ഷത്തിനുള്ളില്‍ നാഗ്പുരിലെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. മഹാരാഷ്ട്രയിലെ മികച്ച അഞ്ച് നഗരങ്ങളില്‍ ഒന്നായി നാഗ്പുരിനെ മാറ്റുമെന്നാണ് മറ്റൊരു വാഗ്ദാനം. വിദര്‍ഭ മേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസനം, ശുചിത്വം എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കും. അനധികൃത ചേരികളിലെ താമസ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കി, ഉടമസ്ഥാവകാശം നല്‍കുന്നതിനും പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും സഹായിക്കും. നഗരത്തിലെ ചേരിയില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 600 വീടുകള്‍ക്ക് ഉടമസ്ഥാവകാശം നല്‍കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 പൂന്തോട്ടങ്ങള്‍ നിര്‍മിക്കും.നിലവിലുള്ളവ പൂന്തോട്ടങ്ങള്‍ നവീകരിക്കും.

ബിസിനസുകാര്‍, കര്‍ഷകര്‍, ധാന്യക്കച്ചവടക്കാര്‍, എണ്ണക്കച്ചവടക്കാര്‍ എന്നിവര്‍ക്കായി ആധുനിക വിപണികള്‍ തുറക്കും. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കും. ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കും. രാജ്യത്തെ ഏറ്റവും വലിയ ഓറഞ്ച് വിപണിയായ നാഗ്പുര്‍ നഗരത്തിലെ വീടുകളില്‍ 25 ലക്ഷം ഓറഞ്ച് തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു.

കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന നാഗ്പുരില്‍ നിന്ന് 2014ലാണ് ഗഡ്കരി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴ് തവണ കോണ്‍ഗ്രസ് എംപിയായിരുന്ന വിലാസ് മുത്തെംവാറിനെ 2.84 ലക്ഷം വോട്ടുകള്‍ക്കാണു പരാജയപ്പെടുത്തിയത്. 2019ല്‍ 2.16 ലക്ഷം വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാനാ പഠോളെയെ പരാജയപ്പെടുത്തി. ഹാട്രിക് വിജയം തേടുന്ന അദ്ദേഹത്തിന്റെ ഇത്തവണത്തെ എതിരാളി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ വികാസ് താക്കറെയാണ്.

© 2025 Live Kerala News. All Rights Reserved.