ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. അഞ്ച് ന്യായ് ഗ്യാരണ്ടികള്‍ ഉള്‍പ്പെടുന്നതാണ് പ്രകടന പത്രിക. നീതിയുടെ അഞ്ച് തൂണുകള്‍ എന്ന മുദ്രാവാക്യത്തില്‍ ഊന്നിയാകും പ്രഖ്യാപനങ്ങള്‍. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങളുണ്ടാകും. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കും.
യുവ നീതി, കര്‍ഷക നീതി, നാരി നീതി, തുല്യത നീതി, തൊഴില്‍ നീതി തുടങ്ങിയ അഞ്ച് ഗ്യാരണ്ടികള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക. ജാതി സെന്‍സസ്, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, കശ്മീരിന് സംസ്ഥാന പദവി, ലഡാക്കിന് പ്രത്യേക പദവി, അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നിര്‍മ്മാണം എന്നിവ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമാകും എന്നാണ് സൂചന.
എ.ഐ.സി.സി. ആസ്ഥാനത്ത് 11.30-ന് നടക്കുന്ന ചടങ്ങില്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചേര്‍ന്നാണ് പത്രിക പുറത്തിറക്കുക. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. നാളെ രാജസ്ഥാനിലെ ജയ്പുരിലും തെലങ്കാനയിലെ ഹൈദരാബാദിലും രണ്ട് റാലികള്‍ സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ജയ്പുരില്‍ ഖാര്‍ഗെ, സോണിയ, രാഹുല്‍, പ്രിയങ്ക തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ഹൈദരാബാദില്‍ രാഹുലുമെത്തും. അഞ്ചു നീതികളടങ്ങിയ 25 വാഗ്ദാനങ്ങള്‍ ഭാരത് ന്യായ് യാത്രയുടെ ഭാഗമായി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനുപുറമേ അഗ്നിവീര്‍ നിര്‍ത്തലാക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രകടനപത്രികയിലുണ്ടാവുമെന്നാണ് സൂചന.