നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണം, തൃശൂരില്‍ സുരേഷ് ഗോപിക്കായി പ്രവര്‍ത്തിക്കും; ശരത് കുമാര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകുമെന്ന് സമത്വ മക്കള്‍ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാര്‍. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കായി പ്രവര്‍ത്തിക്കുമെന്നും ശരത് കുമാര്‍ പറഞ്ഞു.

അതേസമയം, തൃശൂരില്‍ മത്സരം കടുക്കുകയാണ്. സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവുന്ന മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനാണ് എത്തുന്നത്. അതിനിടെ, തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാറ്റത്തില്‍ അമര്‍ഷം രേഖപ്പെടുത്തി അഖില കേരള ധീവര സഭ ഇന്നലെ രംഗത്തെത്തി. ധീവര സമുദായകാരനായ പ്രതാപനെ മാറ്റിയിടത്ത് സമുദായത്തിനകത്തെ മറ്റൊരാളെ പരിഗണിക്കാത്തതിലാണ് അഖില കേരള ധീവര സഭക്ക് അതൃപ്തി. സമുദായത്തില്‍ പെട്ട 30 ലക്ഷം ആളുകളെ അവഗണിച്ചെന്ന് ധീവരസഭ ഓര്‍ഗനൈസിങ് സെക്രട്ടറി ടി വി ജനാര്‍ദ്ദനന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സമുദായത്തെ എന്നും പരിഗണിച്ചിരുന്നതെന്നും സമുദായത്തിലെ ഒരാള്‍ക്ക് സീറ്റ് അനുവദിച്ചതും കോണ്‍ഗ്രസാണെന്നും അഖില കേരള ധീവര സഭ അഭിപ്രായപ്പെട്ടു.

നിലവില്‍ ഒരു സീറ്റിലും പരിഗണിക്കാത്തത് കടുത്ത അവഗണനയാണ്. ആലപ്പുഴയില്‍ പരിഗണിക്കണമെന്നറിയിച്ചിട്ടും അവഗണിച്ചെന്നും അഖില കേരള ധീവര സഭ നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ചെന്നും തൃശൂരില്‍ രെ മുരളീധരനെ പിന്തുണക്കുന്നതില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നും ധീവരസഭ ഓര്‍ഗനൈസിങ് സെക്രട്ടറി ടി വി ജനാര്‍ദ്ദനന്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.