കേരളത്തിൽ നിന്ന് ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഈ മാസം പുറപ്പെടും

തിരുവനന്തപുരം: കേരളത്തിന്റെ മണ്ണിൽ നിന്ന് ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഈ മാസം പുറപ്പെടും. ജനുവരി 30-നാണ് ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുക. ജനുവരി 30-ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 7:10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. ഐആർസിടിസി ആപ്പ് വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ജനുവരി 30ന് പുറമേ, ഫെബ്രുവരി 2, 9, 14, 19, 24, 29 എന്നീ തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. തിരികെയുള്ള സർവീസ് ഫെബ്രുവരി 3, 8, 13, 18, 23, 28, മാർച്ച് 4 തീയതികളിലും ഉണ്ടായിരിക്കുന്നതാണ്. യാത്ര ചെയ്യുന്നവരുടെ പേര് വിവരങ്ങൾ ട്രെയിൻ കടന്നു പോകുന്ന സ്റ്റേഷനുകളിലെ ഉയർന്ന റെയിൽവേ-സുരക്ഷ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാക്കും. പാലക്കാടിനു പുറമേ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫെബ്രുവരി 22ന് അയോധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. വർക്കല, കോട്ടയം, എറണാകുളം ടൗൺ, ആലുവ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.