‘മകളുടെ ഫോൺ സ്വിച്ചോഫ്, ക്ലിനിക് പൂട്ടിയനിലയിലും’: ഹാദിയയെ കാണാനില്ലെന്ന പിതാവിന്റെ ഹേബിയസ് കോർപ്പസ് ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്നു വ്യക്തമാക്കി ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഇന്ന് ഹൈക്കോടതിയിൽ. മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഏതാനും ആഴ്ചയായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹർജിയിൽ പറയുന്നു.

ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടുന്ന ഡിവിഷൻ ബ‌ഞ്ചാണ് ഹർജി പരിഗണിക്കുക. തമിഴ്നാട്ടിൽ ഹോമിയോ വിദ്യാർത്ഥിനി ആയിരിക്കെ കൂട്ടുകാരികൾ മൂലം ഇസ്ലാം മതം സ്വീകരിക്കുകയും ഇത് കേസായതോടെ മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ അടിയന്തിരമായി വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയമ പ്രശ്നത്തിലേക്ക് നീണ്ടത്. ഹൈക്കോടതി ഹാദിയയെ മാതാപിതാക്കൾക്കൊപ്പം വിട്ടെങ്കിലും പിന്നീട് സുപ്രീം കോടതിയാണ് ഇരുവരുടെയും വിവാഹം ശരിവെച്ചത്.

എന്നാൽ, വളരെ പെട്ടെന്ന് ഹാദിയയെ തട്ടിക്കൂട്ട് വിവാഹത്തിലൂടെയാണ് ഷെഫിൻ ജഹാൻ സ്വന്തമാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ ഹാദിയ പുനർ വിവാഹിതയായെന്ന വാർത്ത വന്നതിലൂടെ ഉയരുന്ന സംശയം. അതേസമയം, പുനർ വിവാഹിതയായ വിവരം തങ്ങൾക്ക് അറിയില്ലെന്ന് അശോകൻ പ്രതികരിച്ചിരുന്നു.

എന്നാൽ, ഇതിനെതിരെ ഹാദിയ ഒരു ചാനലിൽ വന്നു വിഷയത്തിൽ വിശദീകരണം നൽകി. തന്റെ വിവാഹം വലിയ വാർത്തയാക്കേണ്ട കാര്യമില്ലെന്നും ഷെഫിൻ ജഹാനുമായി ഒന്നിച്ചു പോകാൻ കഴിയാത്തതിനാൽ താൻ പുനർവിവാഹിതയായെന്നും ഇത് തന്റെ പിതാവിന് അറിയാമെന്നും അവർ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.