രാമനവമി ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ സൂര്യകിരണങ്ങള്‍ വിഗ്രഹത്തില്‍ പതിയണം:ജ്യോതിശാസ്ത്രജ്ഞര്‍ അയോദ്ധ്യയില്‍

അയോദ്ധ്യ: രാജ്യം ഉറ്റുനോക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഇനി അധിക നാളുകളില്ല. രാം ലല്ല പ്രതിഷ്ഠ നടത്തേണ്ട ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ശ്രീകോവിലില്‍ രാം ലല്ലയുടെ സിംഹാസനം സ്ഥാപിക്കുന്ന മാര്‍ബിളില്‍ നിര്‍മ്മിച്ച താമരപ്പൂ പീഠം, ക്ഷേത്ര ട്രസ്റ്റി ഡോ. അനില്‍ മിശ്രയുടെ മേല്‍നോട്ടത്തില്‍ തയ്യാറായി കഴിഞ്ഞു .

രാമനവമി ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ സൂര്യകിരണങ്ങള്‍ വിഗ്രഹത്തില്‍ പതിയുകയും, ശ്രീകോവിലില്‍ പ്രകാശം പരത്തുകയും ചെയ്യുന്ന രീതിയിലാണ് വിഗ്രഹം പ്രതിഷ്ഠിക്കുക. ഇതിനായി ജ്യോതിശാസ്ത്രജ്ഞര്‍ ഉടന്‍ തന്നെ സിംഹാസനത്തിന്റെ ഉയരം നിശ്ചയിക്കും.

സ്ഥലത്ത് 25,000 പേര്‍ക്ക് താമസം, ഭക്ഷണം, സുഗമ ദര്‍ശനം എന്നിവ ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തി വരികയാണെന്ന് ഡോ.അനില്‍ മിശ്ര പറഞ്ഞു. ധര്‍മ്മശാലകളിലും മഠങ്ങളിലും ക്ഷേത്രങ്ങളിലും 25,000 പേര്‍ക്ക് താമസിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.  രാജ്യത്തെ മൂന്ന് ശില്‍പികള്‍ ചേര്‍ന്നാണ് രാംലല്ലയുടെ പ്രതിമകള്‍ നിര്‍മ്മിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.