6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. പ്രതികളുടെ മുഖം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഓയൂരിൽനിന്നു കുട്ടിയുമായി കാറിൽ 10 കിലോമീറ്റർ അകലെ ചാത്തന്നൂരിനടുത്തേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതിൽ കാറിലിരിക്കുന്ന പ്രതികളുടെ മുഖം വ്യക്തമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ ദൃശ്യങ്ങൾ നിർണായകമാണ്. അതേസമയം, അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചു. പ്രതികൾക്കായി ജില്ലയിലെ പാരിപ്പള്ളി, ചാത്തന്നൂർ, പരവൂർ, ചിറക്കര ഭാഗങ്ങളിൽ തിരച്ചിൽ നടക്കുന്നതിനൊപ്പമാണ് സമീപ ജില്ലകളിലും അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലർ അയൽജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം.

© 2025 Live Kerala News. All Rights Reserved.