മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത സിപിഐഎം നടപടി മരവിപ്പിച്ചു.

തിരുവനന്തപുരം: മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത സിപിഐഎം നടപടി മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ്(ബി) അതൃപ്തി അറിയിച്ചതോടെയാണ് തീരുമാനം മരവിപ്പിച്ചത്. പുതിയ ഉത്തരവ് പുറത്തിറക്കും. സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്ന് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായും എല്‍ഡിഎഫ് കണ്‍വീനറുമായും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി മരവിപ്പിച്ചത്. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പ്രേംജിത്തിനെ നീക്കി ചെയര്‍മാനായി സിപിഐഎം നോമിനി എം രാജഗോപാലന്‍ നായരെ നിയമിച്ച് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.

മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയും അറിഞ്ഞിരുന്നില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. രണ്ടു ദിവസത്തിനകം തിരുത്തി ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ഗണേഷ് വ്യക്തമാക്കി. സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ല. മുന്നണിയിലെ ധാരണ പ്രകാരം രണ്ടു മാസത്തിനുള്ളില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കേണ്ടതുണ്ട്. മന്ത്രിയാകുന്നതില്‍ താത്പര്യക്കുറവില്ലെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.