മ്യാൻമറിൽ നിന്നുള്ള 2500 -ഓളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി മണിപ്പൂര്‍

ഇംഫാല്‍: മ്യാൻമറിൽ നിന്നുള്ള 2500 -ഓളം കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി മണിപ്പൂര്‍. മ്യാന്മരുമായി അതിര്‍ത്തി പങ്കിടുന്ന അഞ്ച് ജില്ലകളില്‍ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് മണിപ്പൂര്‍ പൊലീസ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സംസ്ഥാനം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബീരേന്‍ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂരില്‍ ഈ മാസം 29ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയില്‍ ബിജെപി ദേശീയ അധ്യക്ഷനും സംസ്ഥാന അധ്യക്ഷനും പങ്കെടുത്തു.

ഇതിനിടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്ഥിതി തുടര്‍ച്ചയായി നിരീക്ഷിക്കുന്നത് മണിപ്പൂരിലെ സാഹചര്യം മെച്ചപ്പെടാന്‍ കാരണമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സംസ്ഥാനം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. സമാധാന ശ്രമങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലുമാണ് മണിപ്പൂര്‍ സര്‍ക്കാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

© 2025 Live Kerala News. All Rights Reserved.