ഏക സിവിൽ കോഡിനെതിരെ സമാന ചിന്താഗതിക്കാരുമായി ലീഗ്‌ സഹകരിക്കുമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം : ഏക സിവിൽ കോഡിനെതിരെ സമാന ചിന്താഗതിക്കാരുമായി സഹകരിക്കാൻ മുസ്ലിംലീഗ് തയ്യാറാണെന്ന്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങൾ. ഏക സിവിൽകോഡ് വിഷയത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന എങ്ങനെ കാണുന്നുവെന്ന വാർത്താലേഖകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏക സിവിൽകോഡിനെതിരെ ശക്തമായ പ്രതികരണം ഏതുഭാഗത്തുനിന്നുണ്ടായാലും അവരോടൊപ്പം ലീഗ്‌ ഉണ്ടാകും. ഏക സിവിൽകോഡ് വിരുദ്ധമുന്നണിയിൽ ലീഗും അംഗമാകും. രാജ്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയാണിത്‌. വ്യത്യസ്‌തതയാണ്‌ ഇന്ത്യയുടെ സൗന്ദര്യം. അവിടെ ഏക സിവിൽകോഡ്‌ കൊണ്ടുവരുന്നത്‌ ചരിത്രത്തിനും പാരമ്പര്യത്തിനും എതിരാണ്‌. പാർലമെന്റ് ബിൽ പാസാക്കാൻ പാടില്ല. ഇക്കാര്യത്തിൽ എല്ലാവരുടെയും പ്രതികരണം ലീഗ്‌ പ്രതീക്ഷിക്കുന്നുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.