പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് എറണാകുളം ജില്ലാ പോക്സോ കോടതി

കൊച്ചി : വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി. എറണാകുളം ജില്ലാ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. മോൻസനെതിരായി റജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്.

പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. മോൻസന്റെ ജീവനക്കാരിയുടെ മകളാണിത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്സോ കേസിൽ മോൻസൻ രണ്ടാം പ്രതിയാണ്.

© 2025 Live Kerala News. All Rights Reserved.