കോവിഡ് വീണ്ടും ഉയരുന്നു; പതിനായിരം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം

തിരുവനന്തപുരം: പതിനായിരം ഡോസ് കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ നാലായിരം ഡോസ് വാക്സിൻ കാലാവധി കഴിയാറായി ബാക്കിയുണ്ട്. ആവശ്യക്കാർ കുറ‍ഞ്ഞതിനാൽ ഇത് ഈ മാസം പാഴായിപ്പോകും.

നിലവിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇപ്പോൾ വാക്സിൻ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ സർക്കാർ – സ്വകാര്യ മേഖലകളിൽ എല്ലാം കൂടി 170 പേർ കുത്തിവയ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്സിൻ സ്വീകരിച്ചത് 1081 പേർ.

4000 ഡോസ് കോവാക്സിനാണ് സ്റ്റോക്കുളളത്. ഇതിന്റെ കാലാവധി ഈ മാസം 31 നു കഴിയും. കോവിഷീൽഡ് വാക്സിൻ സർക്കാർ മേഖലയിൽ സ്റ്റോക്കില്ല. ഇതുവരെ രണ്ട് കോടി 91 ലക്ഷം പേർ ആദ്യ ഡോസ് വാക്സിനും രണ്ട് കോടി 52 ലക്ഷം പേർ രണ്ടാം ഡോസും എടുത്തു. ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേർ മാത്രമാണ്.

ചില വിദേശ രാജ്യങ്ങളിൽ നിശ്ചിത ഡോസ് വാക്സിൻ എടുത്തിരിക്കണമെന്ന് നിർബന്ധമുളളതിനാൽ ആവശ്യക്കാർ ഇപ്പോഴും ഉണ്ട്. അതിനാൽ വാക്സിനേഷൻ സെന്ററുകൾ പൂർണമായും അടച്ചിടാനും കഴിയാത്ത അവസ്ഥയാണ്.

© 2025 Live Kerala News. All Rights Reserved.