ആകാശം കീഴടക്കാൻ എയർ ടാക്‌സികൾ: 2026 ൽ പൊതുഗതാഗത്തിന്റെ ഭാഗമാകുമെന്ന് യുഎഇ

ദുബായ്: യുഎഇയിൽ ആകാശം കീഴടക്കാൻ എയർ ടാക്‌സികൾ എത്തുന്നു. എയർ ടാക്‌സികൾ 1000 പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി വ്യക്തമാക്കി. 2026ൽ എയർ ടാക്‌സികൾ പൊതുഗതാഗതത്തിന്റെ ഭാഗമാകുമെന്നാണ് പ്രഖ്യാപനം. അമേരിക്കൻ കമ്പനിയായ ‘ജോബി ഏവിയേഷനാണ്’ എയർ ടാക്‌സികളുടെ നിർമാതാക്കൾ. കഴിഞ്ഞ 10 വർഷമായി എയർ ടാക്‌സികളുടെ സാധ്യതകൾ സംബന്ധിച്ച് ആർടിഎ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്ങിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ 2026ൽ പൂർത്തിയാകും. ഗതാഗത കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർ ടാക്സികൾ ആരംഭിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്താൻ പോകുന്ന എയർ ടാക്സികൾക്ക് പരമാവധി വേഗം. 241 കിലോമീറ്ററാണ് സഞ്ചരിക്കാവുന്ന പരമാവധി ദൂരം. 5 സീറ്റുണ്ടാകും. പൈലറ്റിനു പുറമേ 4 യാത്രക്കാർക്കും ഇരിക്കാം.

ടാക്സി സ്റ്റേഷന്റെയും എയർ ടാക്സികളുടെയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും. യാത്രയുടെ ചെലവിനെക്കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടില്ല.

© 2025 Live Kerala News. All Rights Reserved.