ഇന്ത്യയിലുള്ള ബന്ധുക്കളുമായി ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹ്ജബീന്‍ ഷെയ്ഖ് വാട്സ്ആപ്പ് കോളുകള്‍ വഴി ബന്ധം പുലര്‍ത്തുന്നു

ഇസ്ലാമാബാദ് : മുംബൈ സ്ഫോടനക്കേസില്‍ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ കറാച്ചിയില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് പാക് യുവതിയെയാണ് വിവാഹം ചെയ്തത്. ദാവൂദിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയാണ് ദാവൂദ് വീണ്ടും വിവാഹം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ദാവൂദിനെ കുറിച്ചുള്ള ഈ വിവരങ്ങള്‍ എന്‍ ഐ എയ്ക്കാണ് ലഭിച്ചത്.

ദാവൂദ് ഇബ്രാഹിം പാകിസ്ഥാനി യുവതിയെ വിവാഹം കഴിച്ചതായി സഹോദരി ഹസീന പാര്‍ക്കറിന്റെ മകനാണ് എന്‍ഐഎയോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ സെപ്തംബറിലാണ് ഈ വിവരം ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചത്. ഹസീന പാര്‍ക്കറിന്റെ മകന്‍ അലി ഷായുടെ മൊഴി പ്രകാരം അധോലോക നായകന്‍ തന്റെ ആദ്യ ഭാര്യ മെഹ്ജബീന്‍ ഷെയ്ഖിനെ ഇതുവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ദാവൂദിന്റെ രണ്ടാം വിവാഹം മെഹജബീനില്‍ നിന്ന് അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധമാറ്റാനുള്ള ശ്രമമായി കണക്കാക്കുന്നു. കഴിഞ്ഞ ജൂലായില്‍ ദുബായില്‍ വച്ച് മെഹ്ജബീനെ കണ്ടപ്പോഴാണ് ദാവൂദിന്റെ രണ്ടാമത്തെ വിവാഹത്തെക്കുറിച്ച് അറിഞ്ഞതെന്ന് അലി ഷാ മൊഴി നല്‍കിയത്.

ഇന്ത്യയിലുള്ള ദാവൂദിന്റെ ബന്ധുക്കളുമായി മെഹ്ജബീന്‍ ഷെയ്ഖ് വാട്‌സ്ആപ്പ് കോളുകള്‍ വഴി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി.

© 2025 Live Kerala News. All Rights Reserved.