മൊറോക്കോയുടെ തോല്‍വി: കലിപൂണ്ട് പൊലീസിനു നേരെ ആക്രമണം, നിരവധിപേര്‍ കസ്റ്റഡിയില്‍

ലോകകപ്പ് ഫുട്ബാള്‍ സെമി ഫൈനലില്‍ മൊറോക്കോ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ബ്രസല്‍സില്‍ മൊറോക്കന്‍ ആരാധകരും പൊലീസുമായി ഏറ്റുമുട്ടി.

മൊറോക്കന്‍ പതാകയുമായി എത്തിയ നൂറോളം ആരാധകര്‍, ബ്രസല്‍സ് സൗത്ത് സ്റ്റേഷന് സമീപം പൊലീസിന് നേരെ പടക്കങ്ങള്‍ എറിയുകയും മാലിന്യ സഞ്ചികളും കാര്‍ഡ്ബോര്‍ഡ് പെട്ടികളും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. അക്രമം അതിരുവിട്ടതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച്‌ പ്രതിഷേധക്കാരെ പിരിച്ചുവിട്ടു.

അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ ഉള്‍പ്പടെയുള്ള നിരവധിപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അക്രമത്തില്‍ ആർക്കൊക്കെ പരിക്കേറ്റെന്ന് വ്യക്തമല്ല.

ഇന്നലെ നടന്ന മത്സരത്തില്‍ കളി തുടങ്ങി അഞ്ചാം മിനിട്ടില്‍തന്നെ തിയോ ഹെര്‍ണാണ്ടസ് നേടിയ ഗോളിന് മുന്നിട്ടുനിന്ന ഫ്രാന്‍സ് 79-ാം മിനിട്ടില്‍ കോളോ മുവാനി നേടിയ ഗോളുംകൂടിച്ചേര്‍ത്ത് വിജയിക്കുകയായിരുന്നു. ഞായറാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

© 2025 Live Kerala News. All Rights Reserved.