ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു; പടിയിറങ്ങുന്നത് ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് വെറും 44 ദിവസം മാത്രം പിന്നിടുമ്പോഴാണ് അവരുടെ രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. പിന്നാലെയാണ് രാജി. ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന മോശം പേരുമായാണ് അവരുടെ പടിയിറക്കം.

ഒരാഴ്ചയ്ക്കകം പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്ന് അവർ വ്യക്തമാക്കി. ഏൽപ്പിച്ച ദൗത്യം തനിക്ക് നിർവഹിക്കാൻ സാധിച്ചില്ലെന്ന് ലിസ് ട്രസ് ഏറ്റു പറഞ്ഞു.

തുടർച്ചയായ രാജികളും ആരോപണങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം ലിസ്ട്രസ് മന്ത്രിസഭ ആടിയുലയുകയായിരുന്നു. സ്വന്തം മന്ത്രിസഭയിൽ നിന്നുവരെ അവർക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നു.

അഞ്ച് ദിവസം മുൻപ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവച്ചിരുന്നു. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ, ഹോം സെക്രട്ടറി സുവെല്ല ബ്രെവർമാനും രാജി വെയ്ക്കാൻ നിർബന്ധിതയായി. സ്ഥാനമൊഴിയാൻ നിർബന്ധിതയായ ഹോം സെക്രട്ടറി ബ്രെവർമാൻ, ഇറങ്ങിപ്പോകും വഴി ലിസ് ട്രസിനു നേരെ മാനിഫെസ്റ്റോ വാഗ്ദാന ലംഘനമടക്കമുള്ള ഗുരുതര ആക്ഷേപങ്ങളുന്നയിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.