സിപിഐ(എം) ജനകീയ പ്രതിരോധം ഇന്ന്.. 1000 കി.മി പാതയോര ധര്‍ണ്ണയില്‍ 25 ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് നേതൃത്വം

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയപ്രതിരോധം ചൊവ്വാഴ്ച. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെ ആയിരം കിലോമീറ്ററില്‍ ഒരേമനസ്സായി അണിനിരക്കാന്‍ കേരളജനത ഒരുങ്ങി. എംസി റോഡില്‍ അങ്കമാലിമുതല്‍ കേശവദാസപുരംവരെ 241 കിലോമീറ്ററും, വയനാട് ജില്ലയില്‍ 29 കേന്ദ്രങ്ങളിലായി 52 കിലോമീറ്ററും, പാലക്കാട് ടൗണ്‍മുതല്‍ ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിവരെ 72 കിലോമീറ്ററും, ഇടുക്കിയില്‍ 75 കിലോമീറ്ററും ജനകീയ പ്രതിരോധ ധര്‍ണ സംഘടിപ്പിക്കും. ആഗസ്ത് ഒന്നുമുതല്‍ 14 വരെ അഖിലേന്ത്യാതലത്തില്‍ സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പാതയോരത്ത് ധര്‍ണ നടത്തുന്നത്.

കേരളത്തിലെ സാധാരണക്കാര്‍മാത്രമല്ല, സിനിമ, രാഷ്ട്രീയ, സാംസ്‌കാരികമേഖലകളിലെ പ്രമുഖരും ഐടി മേഖലകളിലുള്ളവരും ഉള്‍പ്പെടെ ഭരണവര്‍ഗത്തിന്റെ നെറികേടുകളോട് പ്രതികരിക്കാനുള്ള അവസരമായി സമരത്തെ സമീപിക്കുകയാണ്. 25 ലക്ഷത്തില്‍പരംപേര്‍ പ്രതിരോധത്തില്‍ അണിനിരക്കുമെന്നാണ് കണക്കുകൂട്ടലെങ്കിലും അതിലും വലിയൊരു ജനവിഭാഗം സമരത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്.

ലഘുലേഖാവിതരണവും കുടുംബയോഗങ്ങളും കാല്‍നടജാഥകളും പോസ്റ്ററും ചുവരെഴുത്തും പ്രചാരണങ്ങളുമായി ദിവസങ്ങള്‍ക്കുമുമ്പുതന്നെ നാടുണര്‍ന്നുകഴിഞ്ഞു. കുടുംബയോഗങ്ങളിലും കാല്‍നടജാഥകളിലും ആയിരങ്ങളാണ് അണിനിരന്നത്. നാടിന്റെ മുക്കിലുംമൂലയിലുംവരെ സഞ്ചരിച്ച കാല്‍നടജാഥകളെ പുതിയ തലമുറ ആവേശത്തോടെ സ്വീകരിച്ചു. നൂതനമായ സമരപ്രചാരണരീതികള്‍ നവമാധ്യമങ്ങളിലുള്‍പ്പെടെ സജീവ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‘ചെങ്കനല്‍’ എന്ന ഹ്രസ്വചിത്രത്തിനും വന്‍ സ്വീകരണം ലഭിച്ചു.

ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പറേറ്റ്വല്‍ക്കരണം, അഴിമതി എന്നിവയാണ് കേന്ദ്രതലത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍. ചൊവ്വാഴ്ച വൈകിട്ട് നാലിന് ദേശീയപാതയിലും എംസി റോഡിലും ധര്‍ണ ആരംഭിക്കും. 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും. മഞ്ചേശ്വരത്ത് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും. രാജ്ഭവനുമുമ്പില്‍ സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. അഞ്ചിന് പരിപാടി അവസാനിക്കും. കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും.

25 ലക്ഷംപേര്‍ അണിനിരക്കും

തിരുവനന്തപുരം : ജനകീയപ്രതിരോധത്തില്‍ 25 ലക്ഷംപേര്‍ അണിനിരക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരംമുതല്‍ 1000 കിലോമീറ്റര്‍ പ്രക്ഷോഭത്തിനുള്ള ഒരുക്കം പൂര്‍ത്തിയായി. 2009ല്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചപ്പോള്‍ പതിനെട്ടരലക്ഷം പേരാണ് പങ്കെടുത്തത്. അതിനേക്കാള്‍ ബഹുജനപങ്കാളിത്തത്തോടെയുള്ള പ്രക്ഷോഭം ചരിത്രസംഭവമാകും. വാഹനഗതാഗതം തടസ്സപ്പെടുത്താതെയാകും പരിപാടി ക്രമീകരിക്കുകയെന്നും കോടിയേരി പറഞ്ഞു.

സാങ്കേതികമായും നിയമപരവുമായുള്ള ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുകൊണ്ടാണ് ജെഎസ്എസ് തീരുമാനം മാറ്റിയതെന്ന് ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. ഗൗരിയമ്മ പാര്‍ടിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി

www.deshabhimani.com

© 2025 Live Kerala News. All Rights Reserved.