തല്‍സമയ പ്രദര്‍ശന ശസ്ത്രക്രിയയ്ക്കിടെ എയിംസില്‍ രോഗി മരിച്ചു; പ്രതിഷേധം ശക്തം

 

ന്യൂഡല്‍ഹി:തല്‍സമയ പ്രദര്‍ശന ശസ്ത്രക്രിയയ്ക്കിടെ എയിംസ് ആശുപത്രിയില്‍ രോഗി മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജാപ്പനീസ് സര്‍ജന്‍ നേതൃത്വം നല്‍കിയ ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയയ്ക്കിടെയാണ് 62 കാരനായ രോഗി മരണമടഞ്ഞത്.

രാവിലെ ഒന്‍പതു മണിയോടെയാണ് ശസ്ത്രക്രിയ തുടങ്ങിയത്. എയിംസും ആര്‍മി റിസര്‍ച്ച് ആശുപത്രിയും ചേര്‍ന്ന് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സര്‍ജന്‍മാരെ പഠിപ്പിക്കുന്നതിനു വേണ്ടിയാണ് ശസ്ത്രക്രിയ നടത്തിയത്. ഒട്ടേറെ സര്‍ജന്‍മാര്‍ ശസ്ത്രക്രിയ തല്‍സമയം കാണുന്നുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ രക്തസ്രാവം ഉണ്ടായി. രോഗിയെ തുറന്ന ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്ന മറ്റു ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ അവഗണിച്ച് ജാപ്പനീസ് സര്‍ജന്‍ തല്‍സമയ ശസ്ത്രക്രിയ തുടര്‍ന്നു. ഏഴു മണിക്കൂറുകള്‍ക്കുശേഷമാണ് ശസ്ത്രക്രിയ നിര്‍ത്തിയത്. അപ്പോഴേക്കും രോഗിയുടെ നില അതീവ ഗുരുതരമായിരുന്നു. ഉടന്‍ തന്നെ തല്‍സമയ ശസ്ത്രക്രിയ നടത്തുന്നത് നിര്‍ത്തി രോഗിയെ ഐസിയുവിലേക്ക് മാറ്റി. 90 മിനിറ്റുകള്‍ കഴിഞ്ഞപ്പോഴേക്കും രോഗി മരണമടഞ്ഞു.

രോഗിയുടെ ജീവനെക്കാള്‍ വലുതാണോ തല്‍സമയ ശസ്ത്രക്രിയ എന്ന ചോദ്യമുയര്‍ത്തി ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. യുഎസില്‍ 2006 ല്‍ തല്‍സമയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചതിനെത്തുടര്‍ന്ന് ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.