ഭീകരാക്രമണ ഭീഷണി: രാജ്യ തലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു

 

ന്യൂഡല്‍ഹി: അതിര്‍ത്തിയിലൂണ്ടെ നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരാള്‍ ഡല്‍ഹിയിലുള്ളതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ സംശയിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ ഒളിച്ചുകഴിയുന്ന ഭീകരന്റെ കൈവശം അത്യാധുനിക ആയുധങ്ങളും മാരകപ്രഹരശേഷിയുള്ള ആര്‍ഡിഎക്‌സ് അടക്കമുള്ള സ്‌ഫോടക വസ്തുക്കളും ഉള്ളതായാണ് വിവരം.

റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വിമാനത്താവളങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ജമ്മു കാശ്മീരില്‍ ബി.എസ്.എഫിന് നേരെ ആക്രമണമഴിച്ചുവിട്ട ഭീകരരില്‍ ഒരാളെ ജീവനോടെ പിടികൂടിയതിന്റെ തൊട്ടുപിന്നാലെയാണ് ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചത്. നാല് തീവ്രവാദികളോടൊപ്പമാണ് പിടിയിലായ ഭീകരന്‍ മുഹമദ്ദ് നവീദ് ഇന്ത്യയിലെത്തിയത്.

ഇന്ത്യയില്‍ കടന്നതിന് ശേഷം ഇവര്‍ രണ്ടു സംഘങ്ങളായി പിരിഞ്ഞു. ഇതില്‍ മൂന്നുപേരാണ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പഞ്ചാബില്‍ ആക്രമണഴിച്ചുവിട്ടത്. നവീദും കൂട്ടാളിയും കശ്മീര്‍ വഴി ഉദംപൂരിലെത്തി ബി.എസ്.എഫ് വാഹനത്തെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും എട്ട് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബി.എസ്.എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച മുഹമദ്ദ് നവീദിനെ ഗ്രാമീണരാണ് പിടിച്ച് സൈന്യത്തെ ഏല്‍പ്പിച്ചത്.

© 2025 Live Kerala News. All Rights Reserved.