എസ്ഡിപിഐയെ സിപിഐഎമ്മും സര്‍ക്കാരും സംരക്ഷിക്കുന്നു; കൊലപാതകത്തിന് കാരണം പൊലീസിന്റെയും സര്‍ക്കാറിന്റെയും വീഴ്ച; പാലക്കാട്ടെ കൊലപാതകത്തില്‍ കെ സുരേന്ദ്രന്‍

പാലക്കാട് : മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയതിന് പിന്നില്‍ എസ്ഡിപിഐയെന്ന് ബിജെപി.
യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയതെന്നും കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അടിക്കടിയുള്ള കൊലപാതകത്തിന് കാരണം പൊലീസിന്റേയും സര്‍ക്കാരിന്റേയും വീഴ്ച്ചയാണെന്നും എസ്ഡിപിഐയെ സിപിഐഎമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു.കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപി ഐയുമായി ഭരണം പങ്കിടുന്നതുകൊണ്ടാണ് സിപിഐഎം പ്രതികളെ സംരക്ഷിക്കുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ ചെറുത്തുനില്‍പ്പിനെതിരെ മറ്റു നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി. ഈ തരത്തില്‍ പ്രകോപനമില്ലാതെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്ഡിപിഐ സംഘം വരുന്നതെങ്കില്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. തൃശൂരിലെ ചാവക്കാട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ എസ്ഡിപിഐയുടെ പേര് പറയാന്‍ പോലും പൊലീസ് തയ്യാറായില്ല, അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

© 2025 Live Kerala News. All Rights Reserved.