ബാഗ്ദാദ്: അമേരിക്കയ്ക്ക് തിരിച്ചടിയായി ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളില്‍ ഇറാൻ നടത്തിയ വ്യോമാക്രമണത്തില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനാണ് ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടത്. എന്നാൽ, ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍പോലും മരിച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടന്നത് ഒരേ സമയമായിരുന്നു. 30 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഒന്നുപോലും അമേരിക്കക്ക് തടുക്കാനായിട്ടില്ലെന്നും ഇറാന്‍ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇത് തികച്ചും പ്രതിരോധം മാത്രമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
അതേസമയം, ആക്രമണം അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. സൈനിക വൃത്തങ്ങളുമായി ട്രംപ് ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ട്രംപ് ഉടന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കും. ആക്രമണത്തെ തുടര്‍ന്ന് ഇറാനിലേക്കും ഇറാഖിലേക്കുമുള്ള വിമാന സര്‍വിസുകളും അമേരിക്ക നിര്‍ത്തിവെച്ചിട്ടുണ്ട്.