ഭീകരക്യാമ്പുകൾ തകർത്തു ; പത്തിലധികം പാക്‌ സൈനികരും 2 ഇന്ത്യൻ സൈനികരും ഒരു നാട്ടുകാരനും മരിച്ചു

ഇന്ത്യൻ സേന പാക്‌ സൈനിക പോസ്‌റ്റുകളും മൂന്ന്‌ തീവ്രവാദി ക്യാമ്പുകളും തകർത്തു. നിയന്ത്രണരേഖയ്ക്കരികിൽ നീലം താഴ്‌വര ലക്ഷ്യമാക്കിയാണ്‌ സൈന്യം ഷെല്ലാക്രമണം നടത്തിയത്‌. ആക്രമണത്തിൽ പത്തിലധികം പാക്‌ സൈനികരും അത്രതന്നെ ഭീകരരും കൊല്ലപ്പെട്ടതായി കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത്‌ പറഞ്ഞു. നിരവധിപേർക്ക്‌ പരിക്കേറ്റു. ശനിയാഴ്‌ച രാത്രി പാക്‌ സേന നടത്തിയ വെടിവയ്‌പിൽ രണ്ട്‌ ഇന്ത്യൻ സൈനികരും നാട്ടുകാരിലൊരാളും കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്‌ചയാണ്‌ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയത്‌.

കുപ്‌വാരയിലെ താങ്‌ധർ മേഖലയിലാണ്‌ വെടിനിർത്തൽ ലംഘിച്ച്‌ ഇന്ത്യൻ സൈനിക പോസ്റ്റുകൾ പാകിസ്ഥാൻ ആക്രമിച്ചത്‌. രണ്ട്‌ സൈനികർ കൊല്ലപ്പെട്ടെങ്കിലും ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞതായി കരസേനാമേധാവി അറിയിച്ചു.

താങ്‌ധറിന്‌ എതിർവശത്തുള്ള നീലം താഴ്‌വര ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന്‌ തീവ്രവാദി ക്യാമ്പുകൾക്കുപുറമേ നിരവധി സൈനിക പോസ്റ്റുകൾക്കും നാശമുണ്ടായി. പാക്‌ സൈന്യം ഭീകരരെ സഹായിക്കുന്നിടത്തോളം യുക്തമായ തിരിച്ചടി നൽകാൻ അവകാശമുണ്ടെന്ന്‌ മുതിർന്ന സൈനികോദ്യോഗസ്ഥർ പറഞ്ഞു.

വെടിവയ്‌പിൽ ഒമ്പത്‌ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈനികവക്താവ്‌ മേജർ ജനറൽ അസിഫ്‌ ഗഫൂർ അവകാശപ്പെട്ടു. ഇന്ത്യൻ സേനയുടെ വെടിവയ്‌പിൽ ഒരു പാക്‌ സൈനികനും മൂന്ന്‌ സാധാരണക്കാരും കൊല്ലപ്പെട്ടതായും ഗഫൂർ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.