യാക്കൂബ് മേമന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തവരെല്ലാം ഭീകരര്‍; ത്രിപുര ഗവര്‍ണര്‍

 

ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധേയനായ മുംബൈ സ്‌ഫോടനക്കേസ് മുഖ്യപ്രതി യാക്കൂബ് മേമന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തവരെല്ലാം ഭീകരരാണെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ്. മേമന്റെ വധശിക്ഷ നടപ്പാക്കി ഒരു ദിവസം പിന്നിടുമ്പോഴാണ് ഗവര്‍ണറുടെ വിവാദ പരാമര്‍ശം. മേമന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ഒഴിച്ച് ചടങ്ങില്‍ പങ്കെടുത്ത ബാക്കിയെല്ലാവരെയും ഇന്റലിജന്‍സ് നിരീക്ഷിക്കണം. അവരില്‍ പലരും ഭീകരരാവാമെന്നാണ് തഥാഗത റോയ് തന്റെ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ഗവര്‍ണര്‍ രംഗത്തെത്തി. സംസ്ഥാനത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇന്റലിജന്‍സ് നീരീക്ഷണം വേണമെന്നാവശ്യപ്പെട്ടത്. ഭീകരപ്രവര്‍ത്തനം സംഭവിക്കുന്നതിനു മുന്‍പേ അതു തടയുകയല്ലേ വേണ്ടത്. ഒരു പ്രത്യേക സമുദായത്തെ പരമാര്‍ശിച്ചല്ല താനിക്കാര്യം ആവശ്യപ്പെട്ടത്. പിന്നെയെന്തിനാണ് തന്നെ ഒരു മതഭ്രാന്തനായി മുദ്രകുത്തുന്നത്. താന്‍ പറഞ്ഞതിനെ വിമര്‍ശകര്‍ മറ്റു രീതിയില്‍ വ്യാഖ്യാനിച്ചതാണെന്നും ഗവര്‍ണര്‍ ട്വിറ്റര്‍ പേജില്‍ എഴുതിയിട്ടുണ്ട്.

2015 മേയിലാണ് ത്രിപുരയുടെ ഗവര്‍ണറായി തഥാഗത റോയ് ചുമതലയേറ്റത്. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു.

© 2025 Live Kerala News. All Rights Reserved.