ചരിത്രത്തിലാദ്യമായി എയര്‍ ഇന്ത്യാ എക്സ്പ്രസ് ലാഭത്തില്‍..

കൊച്ചി: ചരിത്രത്തിലാദ്യമായി എയര്‍ ഇന്ത്യാ എക്സ്പ്രസ് ലാഭത്തില്‍. പ്രവര്‍ത്തനം തുടങ്ങി പത്തു വര്‍ഷത്തിനിടെ ഇതാദ്യമായി എയര്‍ ഇന്ത്യാ എക്സ്പ്രസ് 100 കോടി രൂയുടെ ആദായം നേടിയെന്നു റിപ്പോര്‍ട്ട്. 2014 – 2015ലെ കണക്കുകളനുസരിച്ചാണിത്. മുന്‍ സാമ്പത്തിക വര്‍ഷം 300 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് ഗള്‍ഫിലേക്കും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്ധന വില കുറഞ്ഞതും മാനെജ്മെന്റിന്റെ കാര്യക്ഷമത വര്‍ധിച്ചതുമാണു കമ്പനി ലാഭത്തിലെത്താന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വര്‍ഷം 23 ശതമാനമാണ് ഏവിയേഷന്‍ ഫ്യുവല്‍ വിലയില്‍ കുറവുണ്ടായത്. വിമാന സര്‍വീസിന്റെ 40 മുതല്‍ 60 ശതമാനം വരെ ചെലവ് ഇന്ധനത്തിനു വേണ്ടിവരുന്നതാണ്.

പ്രതിവാരം 175 സര്‍വീസുകളാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് നടത്തുന്നത്. വരും വര്‍ഷത്തേക്ക് 170 കോടി രൂപ ലാഭമാണു കമ്പനി പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട്.

© 2025 Live Kerala News. All Rights Reserved.