യുഎഇയില്‍ പൊതു മാപ്പ് ആരംഭിച്ചു; രക്ഷകാത്ത് പതിനായിരത്തോളം ഇന്ത്യക്കാര്‍

ബര്‍ദുബായ്: പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ പൊതു മാപ്പ് ആരംഭിച്ചു. ഏറെ ഇളവുകളോടെയും ആനുകൂല്യങ്ങലോളോടെയുമാണ് ഇത്തവണ യു എ ഇ യില്‍ പൊതു മാപ്പ് നടപ്പാക്കുന്നത്.

മതിയായ രേഖകള്‍ ഇല്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും താമസ രേഖകള്‍ ശരിയാക്കാനുമുളള സുവര്‍ണ്ണ അവസരമാണിത്.

അല്‍ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ നിന്ന് ഔട്ട് പാസ് നേടാന്‍ ഇന്ത്യക്കാരടക്കം നൂറു കണക്കിനു പേര്‍ രാവിലെ ഏഴോടെ തന്നെ എത്തിച്ചേര്‍ന്നു.

ഇവര്‍ക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും രേഖകള്‍ പരിശോധിച്ച് ഔട്ട്പാസ് നല്‍കാനും ഉദ്യോഗസ്ഥര്‍ സജീവമായുണ്ട്. പൊതുമാപ്പ് പ്രഖ്യാപിച്ചതുമുതല്‍ നൂറിലേറെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഔട്ട് പാസിന് അപേക്ഷ നല്‍കിയിരുന്നു.

മുന്‍പ് നടന്ന പൊതുമാപ്പുകളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഔട്ട് പാസിലൂടെ മടങ്ങിയത്. ഇവരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരായ കെട്ടിടനിര്‍മാണ തൊഴിലാളികളുമായിരുന്നു.

ഇത്തവണ പതിനായിരത്തോളം ഇന്ത്യക്കാര്‍ പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തും എന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.