തിരുവനന്തപുരം: നാല് തവണത്തെ നിരസിക്കലിനൊടുവിൽ കേരളത്തിൽ നിന്നുള്ള സർവകക്ഷിസംഘവുമായി കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നു. വ്യഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ കാണാമെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസ് സംസ്ഥാനത്തെ അറിയിച്ചു.
റേഷൻ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കഞ്ചിക്കോട് ഫാക്ടറി അടക്കമുള്ള വിഷയങ്ങളാണ് കേരളം ഉന്നയിക്കുക. മറ്റ് സുപ്രധാന ആവശ്യങ്ങളും ഉന്നയിക്കും. അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ചയാണ് തലസ്ഥാനത്ത് മടങ്ങിയെത്തുക.
തുടർച്ചയായി നാല് തവണ സംസ്ഥാനത്ത് നിന്നുള്ള സർവകക്ഷിസംഘത്തെ കാണാൻ കൂട്ടാക്കാത്ത പ്രധാനമന്ത്രിയുടെ നടപടിയിൽ കനത്ത പ്രതിഷേധമുയർന്നിരുന്നു. ഇടതുമുന്നണിക്ക് പുറമെ മുഖ്യപ്രതിപക്ഷമായ യു.ഡി.എഫും കേന്ദ്ര നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. എം.പിമാരുടെ യോഗത്തിൽ പ്രമേയവും പാസാക്കിയിരുന്നു.
നോട്ട് നിരോധനഘട്ടത്തിൽ സഹകരണ മേഖല നേരിട്ട പ്രതിസന്ധിക്ക് പരിഹാരംതേടിയാണ് ആദ്യം 2016ൽ സർവകക്ഷിസംഘം പ്രധാനമന്ത്രിയെ കാണാൻ അനുമതിചോദിച്ചത്. വരൾച്ചാസഹായം തേടി 2017ൽ അനുമതിചോദിച്ചു. റേഷൻ വിഷയത്തിൽ ജൂണിൽ രണ്ട് ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കാണാൻ ശ്രമം നടത്തിയിരുന്നു.