പ്രേമം: 40ഓളം പേര്‍ പിടിയിലാകും; അറസ്റ്റ് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിനിടെ

 

തിരുവനന്തപുരം: ‘പ്രേമം’ സിനിമയുടെ സെന്‍സര്‍ പകര്‍പ്പ് ചോര്‍ത്തിയ കേസില്‍ 40ഓളം പേര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ്. ഇവര്‍ നിരീക്ഷണത്തിലാണ്. സെന്‍സര്‍കോപ്പി ചോര്‍ത്തിയ ആദ്യയാളെയും അപ്ലോഡ് ചെയ്ത അവസാനത്തെ കണ്ണിയെയും കിട്ടിയതോടെ, ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ് ഇനി പിടിയിലാകാനുള്ളത്. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ മോഹന്‍ലാലിന്റേതുള്‍പ്പെടെ ഈ വര്‍ഷമിറങ്ങിയ നിരവധി ചിത്രങ്ങള്‍ ചോര്‍ത്തിയിരുന്നു. സെന്‍സറിങ്ങിന് വരുന്ന ചിത്രങ്ങള്‍ പകര്‍ത്തി സുഹൃത്തുകള്‍ക്ക് കൈമാറുന്നത് പതിവാണെങ്കിലും വ്യാപകമായി പ്രചരിച്ചത് ആദ്യമായാണ്.

പോലീസ് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഏറെയും കൊല്ലം ജില്ലയിലുള്ളവരാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സെന്‍സറിങ്ങിന് നല്‍കിയ ഭൂരിപക്ഷം സിനിമകളും മൂന്നംഗസംഘം പകര്‍ത്തിയെടുത്തതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സെന്‍സറിങ്ങിന് കൊണ്ടുവരുന്ന സി.ഡി., ഡി.വി.ഡി. എന്നിവ സെന്‍സറിങ് ഓഫീസര്‍ അറിയാതെ കൈക്കലാക്കി അത് ലാപ്‌ടോപ്പ് വഴി പെന്‍ഡ്രൈവില്‍ കോപ്പി ചെയ്യുകയാണ് രീതി. കഴിഞ്ഞ െമയ് 19ന് ഇവര്‍ പെന്‍ഡ്രൈവില്‍ പകര്‍ത്തിയതിനും അന്നുതന്നെ ഇവരുടെ സ്വകാര്യ ലാപ്‌ടോപ്പില്‍ സിനിമ കണ്ടതിനും തെളിവുണ്ടെന്ന് പോലീസ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.