ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

സിബിഐ ജഡ്ജി ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ലോയ മരണപ്പെടുന്നത്. ഹൃദ്രോഗത്തെ തുടര്‍ന്നാണ് ലോയ മരിച്ചതെന്നായിരുന്നു കുടുംബത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാരവന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പിന്നീട് കുടുംബം ആരോപിക്കുകയായിരുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നടത്തുന്ന കാലയളവിലാണ് ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നത്.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതില്‍ പ്രതിഷേധിച്ചാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് എതിരെ വാര്‍ത്ത സമ്മേളനം നടത്തിയത്.

© 2025 Live Kerala News. All Rights Reserved.