സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നില്ല;യോഗിക്കെതിരെ ആര്‍എസ്എസ്

ലക്നൗ: ദളിത് പ്രക്ഷോഭത്തിനും ഉന്നാവോ ബലാത്സംഗക്കേസിനും ശേഷം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വെട്ടിലാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആര്‍എസ്എസിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഒഴിവാക്കുന്നില്ലെന്നും ഉപതെരഞ്ഞെടുപ്പ് തോല്‍വികളുടെ പൂര്‍ണ ഉത്തരവാദിത്തം യോഗിക്കാണെന്നും ആര്‍എസ്എസ് തുറന്നടിച്ചു.

യോഗിയുടെ പ്രവര്‍ത്തനശൈലി ഏകപക്ഷീയമാണെന്ന് ഉപമുഖ്യമന്ത്രിമാരും ആരോപിച്ചു. രണ്ടംഗ ആര്‍എസ്എസ് പ്രതിനിധി സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി.

സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന സാഹചര്യങ്ങള്‍ മറികടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒന്നിച്ചുകൊണ്ടുപോകാന്‍ യോഗിക്ക് സാധിക്കുന്നില്ലെന്നുമാണ് ആര്‍എസ്എസിന്റെ പ്രധാന വിമര്‍ശനം.

ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ എന്നിവരുമായി ആര്‍എസ്എസ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. കൂടിയാലോചനകള്‍ ഇല്ലാതെ ഏകപക്ഷീയമായാണ് മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതെന്ന് ഉപമുഖ്യമന്ത്രിമാര്‍ വിമര്‍ശിച്ചു. കുറ്റവാളികളെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കുന്ന തീരുമാനം ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണെന്നും കേശവ് പ്രസാദ് മൗര്യ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.

© 2025 Live Kerala News. All Rights Reserved.