ചോര്‍ന്നത് ഒന്‍പതു കോടി പേരുടെ വിവരങ്ങള്‍; വെളിപ്പെടുത്തലുമായി മാര്‍ക്ക് സക്കര്‍ ബര്‍ഗ്

വാഷിങ്ങ്ടണ്‍: ഫെയ്സ് ബുക്കിലൂടെ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയത് ഒന്‍പത് കോടിയോളം പേരുടെ വിവരങ്ങളാണെന്ന വെളിപ്പെടുത്തലുമായി സക്കര്‍ ബര്‍ഗ്. വാര്‍ത്താ സമ്മേളനത്തിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് കണക്കുകള്‍ വെളിപ്പെടുത്തിയത്. യൂറോപ്യന്‍ സ്വകാര്യത നിയമത്തിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളും എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.

ഫെയ്‌സ്ബുക്ക് ചോര്‍ച്ചാവിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സക്കര്‍ബര്‍ഗ് ഈ മാസം പതിനൊന്നിന് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകും. വിഷയംവിവാദമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം വന്നതോടെയാണ് സക്കര്‍ ബര്‍ഗിന്റെ ഈ മനംമാറ്റം.നേരത്തെ തനിക്ക് പകരം ഫെയ്‌സ്ബുക്കിന്റെ പ്രതിനിധിയെ സമിതിക്കു മുന്‍പാകെ അയയ്ക്കുമെന്നാണ് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നത്.

2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നു യുഎസ് ആരോപിച്ച റഷ്യന്‍ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് അക്കൗണ്ടുകളും പേജുകളും ഫെയ്‌സ്ബുക്ക് നിരോധിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാജ രാഷ്ട്രീയ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനാണു നടപടി.

© 2025 Live Kerala News. All Rights Reserved.