ഐഎസിലേക്ക് മലയാളികളെ കടത്തിയ കേസില്‍ മുഖ്യപ്രതിക്ക് 7 വര്‍ഷം കഠിന തടവ്

കൊച്ചി: ഐഎസില്‍ ചേർക്കാൻ മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തിയ കേസിലെ മുഖ്യപ്രതിയും ബീഹാർ സ്വദേശിനിയുമായ യാസ്‌മിൻ മുഹമ്മദിന് ഏഴ് വർഷം കഠിന തടവ് വിധിച്ചു. യാസ്‌മിൻ 25,000 രൂപ പിഴയും അടയ്ക്കണം. ഐസിസ് ബന്ധമാരോപിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ പൂർത്തിയായ ആദ്യ കേസ് ഇതാണ്. എറണാകുളം എൻഐഎ കോടതിയുടേതാണ് വിധി.

കാസർഗോഡ് സ്വദേശികളായ 15 യുവാക്കളെ ഐഎസില്‍ ചേർക്കാൻ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ സംഭവത്തിൽ 2016 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേരളാ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. ഒന്നാം പ്രതി അബ്ദുൾ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലാണ്. 52 പ്രോസിക്യൂഷൻ സാക്ഷികളെയും ഒരു പ്രതിഭാഗം സാക്ഷിയേയും കോടതി വിസ്തരിച്ചു. 50 തൊണ്ടി സാധനങ്ങളും പരിശോധിച്ചു. യാസ്‌മിൻ തന്റെ മകനോടൊപ്പം അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കുമ്പോൾ 2016 ജൂലായ് 30 നാണ് പിടിയിലായത്. ഈ കേസിലെ മറ്റ് പ്രതികളെ ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

© 2025 Live Kerala News. All Rights Reserved.