മൃഗാശുപത്രിക്കായി പണം ; മേനക ഗാന്ധി തന്റെ ശേഖരത്തിലെ അപൂര്‍വ്വ ചിത്രങ്ങള്‍ വില്‍ക്കുന്നു

ഡല്‍ഹി:മൃഗാശുപത്രിയുടെ നിര്‍മ്മാണത്തിന് വേണ്ടി വര്‍ഷങ്ങളായി ശേഖരിച്ച അപൂര്‍വ്വ ചിതങ്ങള്‍ വില്‍ക്കാന്‍ കേന്ദ്രമന്ത്രി മേനകാഗാന്ധി ഒരുങ്ങുന്നു. മധ്യപ്രദേശിലെ റായ്പുരിലാണ് മേനകയുടെ നേതൃത്വത്തിലുള്ള സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് മൃഗാശുപത്രി നിര്‍മിക്കുന്നത്. വര്‍ഷങ്ങള്‍കൊണ്ട് ശേഖരിച്ച 200 അപൂര്‍വ മൈക്ക പെയിന്റിങ്ങുകളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്.

19ാം നൂറ്റാണ്ടില്‍ വരച്ച മിനിയേച്ചര്‍ പെയിന്റിങ്ങുകളാണ് വില്‍പ്പനയ്ക്കായി മാറ്റിവെച്ചത്. ആ കാലഘട്ടത്തിലെ ഇന്ത്യന്‍ ജീവിതത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണിവ. മേനകാഗാന്ധിയുടെ അശോകാ റോഡിലുള്ള വീട്ടില്‍വെച്ചാണ് പ്രദര്‍ശനം നടത്തുക. 35,000 മുതല്‍ 7.5 ലക്ഷം രൂപവരെയാണ് ചിത്രങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്.

നാഷണല്‍ മ്യൂസിയത്തിന് വില്‍ക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, 1996 മുതല്‍ കലാസൃഷ്ടികള്‍ വാങ്ങുന്നതിന് നിയന്ത്രണമുള്ളതിനാല്‍ മ്യൂസിയം ഈ ആവശ്യം നിരസിച്ചു. പെയിന്റിങ്ങുകള്‍ വില്‍ക്കുന്നതില്‍ ഏറെ വിഷമമുണ്ടെങ്കിലും ഫണ്ട് ശേഖരണത്തിന് മറ്റുമാര്‍ഗങ്ങളില്ലാത്തതിനാലാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് മേനക പറയുന്നു.

© 2025 Live Kerala News. All Rights Reserved.