ഈ അനര്‍ത്ഥത്തിന് പാകിസ്ഥാന്‍ വില നല്‍കേണ്ടി വരുമെന്ന് പ്രതിരോധമന്ത്രി

സുഞ്ജുവാന്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനു മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഈ അനര്‍ത്ഥത്തിന് പാകിസ്ഥാന്‍ വില നല്‍കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. പാകിസ്ഥാനിലുള്ള ഭീകരന്‍ മസൂദ് അസറിന്റെ പിന്തുണയോടെ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.
പ്രതിരോധ മന്ത്രാലയം സൈന്യത്തിനൊപ്പമാണെന്നും ജമ്മു കാശ്മീര്‍ സര്‍ക്കാരിനൊപ്പം നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രതിരോധമന്ത്രി ആഹ്വാനം ചെയ്തു. കൂടാതെ, ഭീകരരര്‍ക്കെതിരെ പാകിസ്ഥാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും പാകിസ്ഥാനില്‍ സ്വതന്ത്രരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഭീകരര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചത് അതിര്‍ത്തിക്ക് അപ്പുറത്തു നിന്നാണെന്ന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) വിലയിരുത്തുകയാണ്. തെളിവുകള്‍ പാകിസ്ഥാന് കൈമാറുമെന്നും പ്രതിരോധമന്ത്രി അറിയിച്ചു

© 2025 Live Kerala News. All Rights Reserved.