അബുദാബി: യുഎഇയില്‍ ഇന്ധനവില ഓഗസ്റ്റ് ഒന്നുമുതല്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചതായി ഊര്‍ജമന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ 1.72 ദിര്‍ഹത്തിനു ലഭ്യമാകുന്ന പെട്രോളിന്റെ വിലയില്‍ മാറ്റം വരും. രാജ്യാന്തര എണ്ണവിലയുമായി ബന്ധപ്പെടുത്തിയാകും ഓരോ മാസത്തെയും വിലനിര്‍ണയം. ഇതിനായി വിലനിര്‍ണയ സമിതി രൂപീകരിച്ചെന്നും ഊര്‍ജമന്ത്രി സുഹൈല്‍ അല്‍ മസൂറി അറിയിച്ചു. ഊര്‍ജമന്ത്രാലയ അണ്ടര്‍ സെക്രട്ടറിയായിരിക്കും സമിതി അധ്യക്ഷന്‍. ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി, അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ സിഇഒ, എമിറേറ്റ്‌സ് നാഷനല്‍ ഓയില്‍ കമ്പനി സിഇഒ എന്നിവര്‍ അംഗങ്ങളായിരിക്കും. സമിതി എല്ലാ മാസവും 28നു യോഗം ചേര്‍ന്നു തുടര്‍ന്നു വരുന്ന മാസത്തിലെ നിരക്കു പ്രഖ്യാപിക്കും. ഓഗസ്റ്റിലെ വില ഈ മാസം 28നു നിശ്ചയിക്കും. രാജ്യാന്തര വിലനിലവാരം അനുസരിച്ച് ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഊര്‍ജമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും ഇന്ധനവില സമിതി ചെയര്‍മാനുമായ ഡോ. മത്തര്‍ അല്‍ ന്യാദി അറിയിച്ചു. രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചാണോ പെട്രോള്‍ വില നിശ്ചയിക്കുന്നതെന്ന് ഉറപ്പാക്കാനാണ് ഊര്‍ജ, ധന മന്ത്രാലയ പ്രതിനിധികളെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിലയ്ക്കു പുറമേ പെട്രോളിയം കമ്പനികളുടെ ലാഭവുംകൂടി ഉറപ്പാക്കിയാകും വില നിശ്ചയിക്കുക.
പ്രവര്‍ത്തനച്ചെലവു കുറച്ച് മികവു വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു നിര്‍ദേശവും നല്‍കും. പെട്രോള്‍ വിലയിലെ പുനഃക്രമീകരണം ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഇന്ധനക്ഷമത കൂടിയ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നാണു വിലയിരുത്തല്‍. പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ ജനങ്ങള്‍ക്കു പ്രേരണയാകും. 2013ല്‍ യുഎഇയില്‍ പുറന്തള്ളപ്പെട്ട ഹരിതഗൃഹ വാതകങ്ങളില്‍ 22% വാഹനങ്ങള്‍മൂലമായിരുന്നു. 4.46 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണു പുറന്തള്ളിയത്. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നതോടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയും. പരിസ്ഥിതി സൗഹൃദ ടാക്‌സികളും മറ്റും ഉള്‍പ്പെടുത്തി മികച്ച പൊതുഗതാഗത സംവിധാനമാണ് യുഎഇയുടേതെന്നു മന്ത്രി സുഹൈല്‍ അല്‍ മസൂറി അറിയിച്ചു. വര്‍ഷങ്ങളായി 1.72 ദിര്‍ഹമാണു യുഎഇയില്‍ പെട്രോള്‍ വില. ഡീസല്‍ വില പെട്രോളിനെ അപേക്ഷിച്ചു കൂടുതലാണ് 2.90 ദിര്‍ഹമാണ് ഇന്നലത്തെ വില. ഭാരവാഹനങ്ങളാണു ഡീസല്‍ ഉപയോഗിക്കുന്നത്. പുതിയ നയത്തോടെ ഡീസല്‍ വില കുറയുമെന്നാണ് ഊര്‍ജമന്ത്രി അറിയിച്ചത്. അതിനാല്‍ വിലക്കയറ്റത്തിനു സാധ്യതയില്ലെന്നു സര്‍ക്കാര്‍ കണക്കുകൂട്ടന്നു. പെട്രോള്‍ വിലയില്‍ ഒരു ദിര്‍ഹത്തോളം മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.