യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. വധശിക്ഷ ഈ മാസം 30ന് നടപ്പാക്കിയേക്കുമെന്നാണ് സൂചന. മേമന്‍ നല്‍കിയ ദയാഹര്‍ജി സുപ്രീം കോടതിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും നേരത്തേ തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ശിക്ഷാ ഇളവു വേണമെന്നു ആവശ്യപ്പെട്ടു നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട ആദ്യ വധശിക്ഷയാണിത്.

1993 മാര്‍ച്ച് 12നു മുംബൈ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 257 പേരാണു മരിച്ചത്. 713 പേര്‍ക്കു പരുക്കേറ്റു, 27 കോടി രൂപ വസ്തുവകകള്‍ നശിച്ചു. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍, യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍ എന്നിവര്‍ മുഖ്യസൂത്രധാരന്‍മാരെന്നു കണ്ടെത്തിയിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്തും കേസില്‍ പ്രതിയായിരുന്നു.

യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീം കോടതി 2013ല്‍ ജീവപര്യന്തമാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ ആറു വര്‍ഷം തടവുശിക്ഷ അഞ്ചു വര്‍ഷമാക്കി കുറച്ചു. പ്രതികളില്‍ പലര്‍ക്കും പാകിസ്ഥാനില്‍ സൈന്യവും ചാരസംഘടനയായ ഐഎസ്‌ഐയും പരിശീലനം നല്‍കിയെന്നും ഈ പരിശീലനമാണ് സ്‌ഫോടനപരമ്പരയില്‍ കലാശിച്ചതെന്നും വധശിക്ഷ ശരിവച്ച ആദ്യ വിധിയില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

© 2025 Live Kerala News. All Rights Reserved.