പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്നു മുതല്‍; സോളാര്‍ കത്തിക്കാന്‍ ബി ജെ പി

 

ന്യൂഡല്‍ഹി: ഇന്നു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസ്ഥാന വിഷയമായ സോളാര്‍ കത്തിക്കാന്‍ ബി ജെ പി തീരുമാനിച്ചു. വ്യാപം,ലളിത് മോദി അഴിമതി എന്നി വിഷയങ്ങള്‍ പ്രതിരോധിക്കാനാണ് ബി ജെ പി തീരുമാനിച്ചത്.അതേപോലെ സ്മൃതി ഇറാനി, സുഷമാസുരാജ് എന്നിവരുടെ രാജി ആവശ്യപ്പെടില്ലെന്നും സമാജ് വാദി പാര്‍ട്ടി പറഞ്ഞു.

പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷത്തെ 29 രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്ത്.  വര്‍ഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജെഡിയു,സമാജ് വാദി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് സഭ തടസ്സപ്പെടുത്തിയുള്ള പ്രതിഷേധത്തില്‍നിന്നും വിട്ടുനില്‍ക്കുമെന്ന സൂചനകള്‍ നല്‍കിയത്. എല്ലാ പ്രധാന വിഷയങ്ങളിലും വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വ കക്ഷി യോഗത്തില്‍ ഉറപ്പുനല്‍കി. ആരുടെയെങ്കിലും അന്ത്യശാസനം കേള്‍ക്കേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. സര്‍ക്കാരിന്റെ കാര്യങ്ങള്‍ ആരും തീരുമാനിക്കേണ്ടെന്നും ആരുടേയും രാജിസംബന്ധിച്ച സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുകേന്ദ്രമന്ത്രിയും നിയമവിരുദ്ധവും അസാന്‍മാര്‍ഗ്ഗികവുമായി യാതൊന്നും ചെയ്തിട്ടില്ലെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് ഫലപ്രദമായി നടത്തുന്നതിനും ഭൂമി ഏറ്റെടുക്കല്‍ ബില്‍ പോലുളള വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനും കൂട്ടായ ശ്രമങ്ങള്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വ്വകക്ഷി യോഗത്തില്‍ അിപ്രായപ്പെട്ടു. ഓരോത്തരുടെയും കാഴ്ചപാടുകള്‍ അവതിരിപ്പിക്കുന്നതിന് ലഭ്യമായ വേദികളില്‍ വച്ച് ഏറ്റവും മികച്ചത് പാര്‍ലമെന്റാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ ശ്രമങ്ങളാണ് ആവശ്യം. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് കേന്ദ്രസര്‍ക്കാരിനാണ് കൂടുതല്‍ ഉത്തരവാദിത്വമെങ്കിലും എല്ലാ കക്ഷികള്‍ക്കും അവരവരുടേതായ ഉത്തരവാദിത്വമുണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന സംരംഭങ്ങളെക്കുറിച്ചും പാര്‍ലമെന്റില്‍ കേന്ദ്രം പ്രസ്താവന നടത്തുമെന്ന് സര്‍വ്വകക്ഷിയോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ പാര്‍ലമെന്ററി കാര്യമന്ത്രി പറഞ്ഞു. ലളിത് മോദിയുടെ യാത്രാരേഖകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംബന്ധിച്ച് പ്രസ്താവന നടത്താന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സന്നദ്ധയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും വിട്ടുവീഴ്ച മനോഭാവത്തോടെ കൂട്ടായ ശ്രമം നടത്തണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് നിര്‍ദ്ദേശിച്ചു. ഭാരതപാക് ബന്ധങ്ങള്‍, വിദേശനയം, വളര്‍ന്നുവരുന്ന സാമൂഹിക അസമത്വങ്ങള്‍, കര്‍ഷക ആത്മഹത്യ, കാര്‍ഷികമേഖലയിലെ ദുരിതങ്ങള്‍, ആന്ധ്രപ്രദേശ് പുന:സംഘടനാ നിയമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സ്ഥാന കയറ്റത്തില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗക്കാര്‍ക്കുളള സംവരണം, പുകയില കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍, സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ്, ദല്‍ഹി മുഖ്യമന്ത്രിയും ലഫ്റ്റനന്റ് ഗവര്‍ണറുമായുളള ബന്ധങ്ങള്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സ്വഭാവിക റബറിന്റെ ഉല്‍പാദനത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഡോ. ബി.ആര്‍ അംബേദ്ക്കറുടെ125ാം ജന്മവാര്‍ഷികാഘോഷങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോര്‍ഡുകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗകാര്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കല്‍, എംപിമാരുടെ പ്രദേശിക വികസന പദ്ധതി, 2016ലെ ഒളിമ്പികിസിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് വിവിധ കക്ഷിനേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രതിനിധീകരിച്ച് 29 രാഷ്ട്രീയ കക്ഷികളില്‍ നിന്ന് മൊത്തം 42 നേതാക്കള്‍ രണ്ട് മണിക്കൂര്‍ നീണ്ട സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തു.

 

© 2025 Live Kerala News. All Rights Reserved.