തൃശൂര്‍: ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോന്നിയിലെ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല. ന്യുമോണിയയും നിയന്ത്രണ വിധേയമായിട്ടില്ല. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ജീവന്‍ നിലനിര്‍ത്താനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പെണ്‍കുട്ടിയുടെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘം ഇന്ന് ഉച്ചയോടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കും. അതേസമയം, മരിച്ച പെണ്‍കുട്ടികളുടെ കോന്നിയിലെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിക്കും.
കോന്നിയിലെ പെണ്‍കുട്ടകളുടെ ടാബ്‌ലറ്റ് ബംഗളൂരുവിലെത്തിയ കേരള പൊലീസ് സംഘം കണ്ടെടുത്തു. ബംഗളൂരുവിലെ ചാമരാജ്പേട്ടുള്ള ഒരു മൊബൈല്‍ കടയില്‍ പെണ്‍കുട്ടികള്‍ ടാബ്‌ലറ്റ് വിറ്റതായി പൊലീസ് കണ്ടെത്തിയത്. ചാമരാജ്പേട്ടിലെ എസ്എംഎസ് മൊബൈല്‍ സിറ്റി എന്ന കടയിലാണ് പെണ്‍കുട്ടികള്‍ ടാബ് വിറ്റതായി പൊലീസ് കണ്ടെത്തിയത്.