സി.പി.എം പ്രവര്‍ത്തകരെ കേസുകളില്‍ കുടുക്കാന്‍ ആസൂത്രിത നീക്കം: കോടിയേരി

 

 

തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകരെ കേസുകളില്‍ പ്രതിയാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പ്രതിയാക്കാന്‍ സി.ബി.ഐയെ ബി.ജെ.പി ചട്ടുകമാക്കുന്നു. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് വരാനിരിക്കെ പ്രമുഖ നേതാക്കളെ പ്രവര്‍ത്തന രംഗത്തുനിന്ന് അകറ്റിനിര്‍ത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

26 സി.പി.എം പ്രവര്‍ത്തകരാണ് നാലുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ഇവരില്‍ 16 പേരെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്സുകാരാണ്. ഇവയില്‍ ഒരു കേസില്‍പോലും സി.ബി.ഐ അന്വേഷണമില്ല. യു.എ.പി.എ പോലെയുള്ള കടുത്ത നിയമങ്ങള്‍ ചുമത്തിയിട്ടുമില്ല. സി.പി.എം കുടുംബങ്ങളില്‍പ്പെട്ട ചെറിയ കുട്ടികള്‍പോലും അക്രമിക്കപ്പെടുന്നു. അതിനിടയിലും സി.പി.എം അക്രമം നടത്തുന്നുവെന്ന പ്രചാരണമാണ് നടക്കുന്നത്.

സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളെ കേസുകളില്‍ പ്രതിയാക്കണമെന്ന വി.എം സുധീരന്റെ പ്രസ്താവനയില്‍ ആഭ്യന്തര വകുപ്പിനോടുള്ള അസഹിഷ്ണുതയാണ് നിഴലിക്കുന്നത്. സി.പി.എമ്മിനുള്ള സുധീരന്റെ കുത്ത് ഏല്‍ക്കുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ്. ചെന്നിത്തലയെ കുത്താന്‍ സുധീരന്‍ സി.പി.എമ്മിനെ മറയാക്കുന്നു. ആഭ്യന്തര വകുപ്പിനെതിരെ പരാതിയുണ്ടെങ്കില്‍ അക്കാര്യം തുറന്നുപറഞ്ഞ് മന്ത്രിയെ മാറ്റാന്‍ സുധീരന്‍ തയ്യാറാകണം. തൃശ്ശൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ കെ.പി.സി.സി പ്രസിഡന്റിനെയും ഡി.സി.സി പ്രസിഡന്റിനെയും പ്രതിയാക്കാന്‍ കഴിയുമോയെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

© 2025 Live Kerala News. All Rights Reserved.