തിരുവനന്തപുരം: കോട്ടയം മരങ്ങാട്ടുപള്ളിയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ തലയ്ക്ക് പരിക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് കെട്ടുകഥ ചമയക്കുന്നതായി പോലീസ് കപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്.
കസ്റ്റഡിയില്‍ മരിച്ച മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ സിബിയുമായി ഒരു പതിനാറുകാരന്‍ മല്‍പിടിത്തം നടത്തിയെന്ന പോലീസ് ഭാഷ്യം ശരിയല്ല. കുട്ടി സിബിയെ അക്രമിച്ചിട്ടില്ല. സിബിയെ പിടിച്ച് തള്ളുകമാത്രമാണ് ചെയ്തത്. ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചുവെന്ന് പോലീസ് പറയിപ്പിച്ചതാണ്. സിബിയുടെ തലയില്‍ ഇഷ്ടികപോലുള്ള വസ്തുകൊണ്ട് ഏറ്റ പരിക്കാണ് മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ, പരിക്കേറ്റ നിലയില്‍ ജൂണ്‍ 30നാണ് സിബിയെ ആസ്പത്രിയില്‍ എത്തിച്ചത്. തലയോട്ടിക്ക് പരിക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നു തന്നെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ തീവ്രപരിചരണവിഭാഗത്തിലായിരുന്ന സിബി ശനിയാഴ്ച ഉച്ചയ്ക്കു തന്നെ മരിച്ചു.
പൊതു സ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് ജൂണ്‍ 29നാണ് സിബിയെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ദളിത് വിഭാഗത്തില്‍ പെട്ട സിബിയുടെ മരണത്തെ തുടര്‍ന്ന് തിങ്കളാഴ്ച കോട്ടയം ജില്ലയില്‍ ഇടതുമുന്നണി ഹര്‍ത്താല്‍ നടത്തിയിരുന്നു.