പി.സി.ജോര്‍ജിനെ അയോഗ്യനാക്കാന്‍ കത്ത് നല്‍കും

 

തിരുവനന്തപുരം: പി.സി.ജോര്‍ജിനെ നിയമസഭ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം. സ്പീക്കര്‍ക്ക് കത്ത് നല്‍കും. അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന പാര്‍ട്ടി ഉപസമിതിയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ചരാത്രി ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി അംഗീകരിച്ചു.

അരുവിക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തതാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം.

നിയമസഭയിലെ സ്വതന്ത്ര നിലപാടെടുക്കാന്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ് സ്പീക്കര്‍ക്ക് നല്‍കിയ കത്തും പാര്‍ട്ടി തെളിവായി ചൂണ്ടിക്കാട്ടുന്നു.

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 17 ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയോഗത്തില്‍ ഈ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. മന്ത്രി കെ.എം.മാണിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്.

© 2025 Live Kerala News. All Rights Reserved.