ക്ഷമ പരീക്ഷിക്കരുത്; വേഗം നടപടിയെടുക്കണം;ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണം;ഒന്നരക്കോടി പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്തുണയെനിക്കുണ്ടെന്നും ശശികല

ചെന്നൈ : തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന് പ്രവര്‍ത്തകര്‍ക്കിടയില്‍ പിന്തുണ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തന്റെ സത്യപ്രതിജ്ഞാകാര്യത്തില്‍ നടപടി എത്രയും വേഗം വേണമെന്നും ചൂണ്ടിക്കാട്ടി ശശികല ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന് കത്തുനല്‍കി. ക്ഷമ പരീക്ഷിക്കരുതെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും കത്തില്‍ ശശികല ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ശശികല പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്തു സംസാരിച്ചത്. നടപടി എത്രയും വേഗത്തില്‍ വേണം. ഒന്നരക്കോടി പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്ന് ശശികല പറഞ്ഞു. ഒന്നരക്കോടി പ്രവര്‍ത്തകരെ തന്നെ ഏല്‍പ്പിച്ചാണ് അമ്മ പോയതെന്നും അവരെ സംരക്ഷിക്കേണ്ട ചുമതല തനിക്കുണ്ടെന്നും ശശികല കത്തില്‍ പറയുന്നു. പനീര്‍ശെല്‍വത്തിന്റെ രാജിയോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം ആകെ മാറിയിരിക്കുകയാണ്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ നേതാക്കള്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂറുമാറുകയാണ്. ഈ സാഹചര്യത്തിലാണ് ശശികല ഇത്തരമൊരു കത്ത് അയച്ചിരിക്കുന്നത്. കാഞ്ചീപുരം ഗോള്‍ഡണ്‍ ബേ റിസോട്ടില്‍ താമസിക്കുന്ന എം.എല്‍.എമാര്‍ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശശികലയുടെ നീക്കം. എം.എല്‍.എമാരെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയില്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥരും പൊലീസും റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ താമസിക്കുന്നതെന്നും തങ്ങളെ ആരും തടവിലിട്ടിട്ടില്ലെന്നുമാണ് എം.എല്‍.എമാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

© 2025 Live Kerala News. All Rights Reserved.