ജിഷ്ണുവിന്റെ മരണം; സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നെഹ്‌റു കോളെജിന്റെ പ്രതികാര നടപടി; നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് പാമ്പാടി നെഹ്‌റു കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികളോടു മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച നാല് വിദ്യാര്‍ഥികളോട് ക്ലാസില്‍ കയറരുതെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. ഇന്നു ക്ലാസില്‍ കയറാനെത്തിയ ഇവരോട് ക്ലാസില്‍ കയറരുതെന്ന് മാനെജ്‌മെന്റ് അറിയിച്ചു.ഇതേത്തുടര്‍ന്നു കോളജില്‍ എസ്എഫ്‌ഐയുടെ സമരം ആരംഭിച്ചു. ഓരോ ഡിപ്പാര്‍ട്‌മെന്റ് ആയി ഭാഗികമായി കോളജ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതേസമയം, വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജിഷ്ണുവിന്റെ മരണമടക്കമുള്ള വിവരങ്ങള്‍ പുറത്തെത്തിക്കുകയും സമരം ചെയ്യുകയും ചെയ്ത വിദ്യാര്‍ഥികളെയാണു സസ്‌പെന്‍ഡ് ചെയ്തത്. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ സമരപരിപാടികള്‍ നടത്തുന്നതിനിടെയാണ് പുതിയ സംഭവം. ജിഷ്ണുവിന്റെ അമ്മ നെഹ്‌റു ഗ്രൂപ്പിന്റെ ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയുളള മാനെജ്‌മെന്റിന്റെ പ്രതികാര നടപടി.നാലാം വര്‍ഷ വിദ്യാര്‍ഥികളായ അതുല്‍ ജോസ്, നിഖില്‍ ആന്റണി, സുജേഷ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ക്കെതിരെയാണു നടപടിയെടുത്തത്.

© 2025 Live Kerala News. All Rights Reserved.