ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ്;ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി ഉയര്‍ത്തി; മാര്‍ച്ച് 13 മുതല്‍ നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കും

മുംബൈ: സേവിങ്‌സ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി റിസര്‍വ്വ് ബാങ്ക്.ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 24,000 രൂപ ആയിരുന്നു. മാര്‍ച്ച് 13 മുതല്‍ നിയന്ത്രണം പൂര്‍ണമായും ഒഴിവാകും. നിലവില്‍ ആഴ്ചയില്‍ എടിഎം വഴി പിന്‍വലിക്കാവുന്ന തുക 24,000 രൂപയാണ്. നോട്ട് നിരോധനത്തെ തുടര്‍ന്നാണ് പണം പിന്‍വലിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. റിസര്‍വ്വ് ബാങ്ക് പുതു വായ്പ നയം പ്രഖ്യാപിക്കവെയാണ് ബാങ്ക് പരിധി നീക്കാനുള്ള തീരുമാനവും അറിയിച്ചത്. നോട്ട് നിരോധന ശേഷമുള്ള ആദ്യ വായ്പാ നയത്തില്‍ ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല.റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനം തന്നെയായി തുടരും. നോട്ട് നിരോധന ശേഷം ബാങ്കുകളില്‍ നിക്ഷേപം കൂടിയ സാഹചര്യത്തില്‍ അടിസ്ഥാന നിരക്കുകളില്‍ കുറവുവരുമെന്നാണ് സാമ്പത്തിക വിദഗ്ധരും വ്യവസായ ലോകവും പ്രതീക്ഷിച്ചിരുന്നത്.അതേസമയം, പുതിയ 2000, 500 രൂപാ നോട്ടുകളുടെ വ്യാജന്‍ പുറത്തിറക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ കണ്ടെത്തുന്നവ ഫോട്ടോ കോപ്പികളാണെന്നും ആര്‍ബിഐ അറിയിച്ചു. ജനുവരി 27 വരെയുള്ള കണക്ക് വച്ച് 9.92 ലക്ഷം കോടി രൂപയുടെ പുതിയ 2000, 500 രൂപാ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നും ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുന്ദ്ര പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.