രാജി പിന്‍വലിക്കും;ജയലളിതയുടെ മരണത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഒ പനീര്‍ശെല്‍വം

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം.പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ജയലളിതയുടെ മരണത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച വിവരവും അദ്ദേഹം അറിയിച്ചു.ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ ഉടന്‍ അദ്ദേഹത്തെ കാണും. അതിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കും പനീര്‍ശെല്‍വം പറഞ്ഞു. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. അണ്ണാ ഡിഎംകെയുടെ ഒത്തൊരുമയ്ക്കായി എന്നും നിലകൊണ്ടു. അധികാരത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും പാര്‍ട്ടിയെ ചതിക്കില്ല. തന്റെ പിന്നില്‍ ബിജെപിയാണെന്ന ആരോപണം ഒ.പനീര്‍സെല്‍വം തള്ളി. അണ്ണാ ഡിഎംകെയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ ബിജെപി അല്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ പനീര്‍സെല്‍വം മാധ്യമങ്ങളോട് പറഞ്ഞത്. ശശികലയെ താത്കാലികമായാണ് ജനറല്‍ സെക്രട്ടറിയാക്കിയത്. ഇടക്കാല ജനറല്‍ സെക്രട്ടറിക്കുപകരം പുതിയയാളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തണം. എല്ലാ ഗ്രാമങ്ങളിലും നേരിട്ടെത്തി പ്രവര്‍ത്തകരെ കാണും. ജയലളിതയുടെ സഹോരപുത്രി ദീപ ജയകുമാറിനോട് ബഹുമാനം മാത്രമാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ജനത്തെ പിന്തുണയ്ക്കുന്ന ആരില്‍നിന്നും സഹായം തേടും . ഇതിനിടെ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ശശികലയ്‌ക്കെതിരെ പനീര്‍ശെല്‍വം രംഗത്തെത്തിയ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. നേരത്തേ ജനങ്ങളും പാര്‍ട്ടിയും ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ മുംബൈയിലുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.