റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി;രാഷ്ട്രപതി പതാകയുയര്‍ത്തി; അബുദാബി കിരീടാവകാശി മുഖ്യാതിഥി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി:ഇന്ത്യയുടെ 68ാാം റിപ്പബ്ലിക് ദിനാഘോഷത്തിനു തുടക്കമായി. രാജ്പഥില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിപതാകയുയര്‍ത്തി.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി പതാകയുയര്‍ത്തിയതോടെയാണ് ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഖ്യാതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കി.ഇന്ദ്രപ്രസ്ഥത്തിന്റെ രാജവീഥിയിലൂടെ ഇന്ത്യയുടെ സംസ്‌കാരവും ശക്തിയും പ്രകടമാക്കുന്ന റിപ്പബ്ലിക് ദിനപരേഡാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. വിവിധ സംസ്ഥാനങ്ങളുടെ സംസ്‌കാരങ്ങളും കര, നാവിക, വ്യോമ സേനകളുടെ പ്രകടനങ്ങളും വീഥികളില്‍ അണിനിരന്നു. മലയാളിയായ ലഫ്. കമാന്‍ഡര്‍ അപര്‍ണ നായരാണു പരേഡില്‍ നാവികസേനയെ നയിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിച്ചു. യുഎഇ സൈന്യത്തിന്റെ വ്യോമസേനാംഗങ്ങളും പരേഡില്‍ പങ്കെടുക്കുന്നുണ്ട്.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര ആധുനിക ബൊഫോഴ്‌സ് പീരങ്കി ‘ധനുഷ്’ പരേഡില്‍ പ്രദര്‍ശിപ്പിക്കും. വ്യോമസേനയുടെ 27 യുദ്ധവിമാനങ്ങള്‍ പരേഡുമായി ബന്ധപ്പെട്ടുള്ള ഷോകളില്‍ പങ്കെടുക്കും. എംഐ 17 വി 5 ഹെലികോപ്റ്ററുകളും ശക്തി പ്രകടിപ്പിക്കും. മൂന്നു എംഐ35, മൂന്നു സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, സി17, സുഖോയ്30 എംകെഐ വിമാനങ്ങളും പരേഡിന്റെ ഭാഗമാകും. അതേസമയം, റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പാക്ക് ഭീകരര്‍ ആക്രമണത്തിനു ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്പഥ് പൂര്‍ണമായും സുരക്ഷാ വലയത്തിലാണ്.

© 2025 Live Kerala News. All Rights Reserved.