കാണ്‍പൂര്‍ ട്രെയിനപകടത്തിന് പിന്നില്‍ പാകിസ്താന്‍; വെളിപ്പെടുത്തലുമായി ബീഹാര്‍ പൊലീസ്

ലക്‌നോ: കാണ്‍പൂരില്‍ 150 പേര്‍ കൊല്ലപ്പെട്ട ട്രെയിനപകടത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് പങ്കുണ്ടെന്ന് ബീഹാര്‍ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.അട്ടിമറിക്ക് കൂട്ടുനിന്നെന്ന് കരുതുന്നയാളില്‍ നിന്നാണ് പൊലീസിന് വിവരങ്ങള്‍ ലഭിച്ചത്. പാളത്തില്‍ ബോംബ് വെയ്ക്കാന്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായം ലഭിച്ചുവെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.ഇയാള്‍ ഇപ്പോള്‍ ബീഹാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍.ഐ.എ എന്നിവയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അറസ്റ്റിലായവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരെ വാടകക്കെടുത്തവരുടെ ആസ്ഥാനം നേപ്പാളാണെന്ന് കരുതുന്നു. നേപ്പാളിലുള്ളവരെ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ് നിയന്ത്രിക്കുന്നത്. ദുബൈയിലേക്ക് നിര്‍ദേശങ്ങള്‍ വരുന്നത് പാകിസ്താനില്‍ നിന്നാണെന്നാണ് പൊലീസ് വിശദീകരണം.കാണ്‍പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ദെഹാത് ജില്ലയിലെ പൊഖ്‌റായനില്‍ വെച്ച് പട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയായിരുന്നു.പാളത്തിലെ വിള്ളലാണെന്നായിരുന്നു പ്രാഥമിക നിഗമനം.

© 2025 Live Kerala News. All Rights Reserved.