ജിഷ്ണുവിന്റെ വീട് വിദ്യാഭ്യാസമന്ത്രി സന്ദര്‍ശിച്ചു; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

കോഴിക്കോട്: മരണപ്പെട്ട പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിന്മഷ്ണു പ്രണോയിയുടെ കോഴിക്കോട് നാദാപുരത്തെ വീട് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് സന്ദര്‍ശിച്ചു.ജിഷ്ണുവിന്റെ അച്ഛനെയും അമ്മയെയും മന്ത്രി ആശ്വസിപ്പിച്ചു.  മകന്‍ ഒരിക്കലും കോപ്പി അടിക്കില്ലെന്നു മാതാപിതാക്കള്‍ അറിയിച്ചു. നന്നായി പഠിക്കുന്ന ആളായിരുന്നു ജിഷ്ണു. ശരീരത്തിലെ മുറിവുകളും മര്‍ദനത്തിന്റെ പാടുകളും ദുരൂഹതയുണര്‍ത്തുന്നു. ആത്മഹത്യാ കുറിപ്പും അവന്‍ എഴുതാന്‍ സാധ്യതയില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കള്‍ മന്ത്രിയോട് പറഞ്ഞു. വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും ഇത് ഒരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. അതേസമയം, ജിഷ്ണു കോപ്പി അടിച്ചിട്ടില്ലെന്നു സര്‍വകലാശാല സ്ഥിരീകരിച്ചതായി മന്ത്രി വ്യക്തമാക്കി. നെഹ്‌റു കോളജില്‍ പ്രശ്‌നങ്ങളുണ്ടെന്നു വ്യക്തമായി. അതിനെത്തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കി. വീട്ടില്‍ 20 മിനിറ്റോളം മന്ത്രി ചെലവഴിച്ചു. ഇ.കെ. വിജയന്‍ എംഎല്‍എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

© 2025 Live Kerala News. All Rights Reserved.