കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങി; സമാധാനപരം

 

കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മര്‍ദനമേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന് കോട്ടയത്ത് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കെഎസ്ആര്‍ടിസിയോ സ്വകാര്യ ബസ്സുകളോ കാര്യമായ സര്‍വീസുകള്‍ ഒന്നും തന്നെ നടത്തുന്നില്ല.

കെഎസ്ആര്‍ടിസി ചില ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നുണ്ട്. കടകമ്പോളങ്ങള്‍ ഒന്നുംതന്നെ തുറന്നിട്ടില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ തടയരുതെന്നും കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കരുതെന്നും ഇടതുമുന്നണി ജില്ലാ നേതൃത്വം ഇന്നലെതന്നെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മരിച്ച സിബിയുടെ സംസ്‌കാരം ഇന്ന് ഉച്ചയോടെ നടക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മരങ്ങാട്ടുപിളളിയിലും പരിസരത്തും കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനത്തും പ്രധാനകേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.